Saturday 3 April, 2010

അമ്മയുടെ മടിയില്‍



വേദനയെല്ലാമടങ്ങി
പ്രാണൻ വേര്‍പെട്ടു
മിഴികളടഞ്ഞു
ശ്രീയേശുനാഥൻ
ശയിക്കുന്നു വീണ്ടുമൊ
രുണ്ണിയായ് അമ്മതൻ മടിയിൽ
ചുടുനിണമൊഴുകി
പടര്‍ന്നൊരാ പ്രിയദേഹം
വാരിപ്പുണരുന്നു അമ്മ
താലോലമാട്ടി
ഉറക്കിയ കൈകളാല്‍
മാറോടു ചേര്‍ത്തണയ്ക്കുന്നു!

കാരിരുമ്പാണി
പ്പഴുതുകളിൽ ചാട്ട
വാര്‍മുനപ്പാടുകളിൽ
മുള്‍മുനയേറ്റു
മുറിവാര്‍ന്ന നെറ്റിയിൽ
വിളറും കപോലങ്ങളിൽ
പാതിയടഞ്ഞ
മിഴികളിൽ ചെന്നിണ
മൊഴുകിയ വിരിമാറിടത്തിൽ
വിറയാര്‍ന്ന വിരലുകൾ
തഴുകുന്നു അമ്മതൻ
ഹൃദയം പിളര്‍ന്നുപോകുന്നു!
അഗ്നിനാളങ്ങളായ്
പൊള്ളിക്കുമോര്‍മ്മകള്‍
അമ്മ പിടഞ്ഞുപോകുന്നു!
ഉരുകിത്തിളക്കുന്ന
ഹൃദയത്തിൽ നിന്നും
ഉയരുന്നു ഗദ്ഗദങ്ങൾ!

“വിണ്ണിൽ നിന്നു പ-
റന്നണഞ്ഞമ്മതൻ
പൊന്നുണ്ണിയായ് നീ
പിറന്ന നാളിൽ
ഇപ്രപഞ്ചത്തെ
കൈവിട്ടു നിന്നെ ഞാൻ
എത്തിപ്പിടിച്ച നാളിൽ
കൈകാൽ കുടഞ്ഞെൻ
മടിയിൽ കിടന്നു നീ
പുഞ്ചിരിപ്പൂക്കളുതിര്‍ത്തു
വിശ്വം മുഴുവൻ
പ്രകാശമാര്‍ന്നു അമ്മ
ദു:ഖങ്ങളെല്ലാം മറന്നു

എന്തിനീന്നമ്മയെ
കൈവിട്ടു കണ്മണീ
കണ്ണീരിലുരുകുവാനൊ
അന്തമില്ലാത്തൊരീ
നൊമ്പരത്തിരകളിൽ
മുങ്ങിപ്പിടയുവാനോ

മിഴിനീരെല്ലാം
തുടച്ചെടുത്താനന്ദ-
മണിയിച്ചു നീ നിൻ ജനത്തെ
നിൻ വചനത്തിന്റെ
ശക്തിയാൽ നീ വെറും
വെള്ളത്തെ വീഞ്ഞാക്കി മാറ്റി
കാറ്റിനെ ശാസിച്ചു
കടലിനെയൊതുക്കി
തിരകള്‍ക്കു മീതെ നടന്നു
മരണത്തിൻ ഗുഹയിൽ
നിന്നു നീ മൃതരെ
തിരികെ വിളിച്ചിറക്കി
അന്ധര്‍ക്കു മിഴി നല്‍കി
ബധിരര്‍ക്കു കര്‍ണ്ണവും
രോഗിക്കു സൌഖ്യവും നല്‍കി

എല്ലാം നിനക്കു
സുസാദ്ധ്യമാണെന്നിട്ടും
ദു:ഖങ്ങൾ നീയേറ്റുവാങ്ങി
പ്രാണൻ വെടിഞ്ഞു
മകനെ മിഴിപൂട്ടി
നീയെന്റെ മടിയിൽ കിടപ്പൂ
അമ്മതൻ കദന-
ക്കടലിലെ തിരകൾ
അഗ്നി പ്രവാഹമാകുന്നു
അന്തരാത്മാവിലെ
തിരയടക്കൂ ഉണ്ണി
കടലിനെ ശാസിച്ചൊതുക്കൂ

അമ്മതൻ സൌഭാഗ്യ
പൂര്‍ണ്ണിമെ നിൻഹിതം
എൻ ഹിതമായിരുന്നെന്നും
നിൻ മൊഴികൾ നറു-
തേൻകണങ്ങൾ എന്നും
അമ്മയ്ക്കമൃതായിരുന്നു
നിൻ ഹിതമെങ്കിലീ
വേദനപോലും നി-
ന്നമ്മയ്ക്കഹിതമല്ലുണ്ണീ

കൂരിരുള്‍മായും
നിൻമിഴിപ്പൂക്കൾ
വീണ്ടും പ്രകാശമുതിര്‍ക്കും
നിൻവചനാമൃത-
മാത്മാവിൽ വീണ്ടും
തേൻകണമായുതിരും
വിശ്വാസമേകുമീ
പ്രത്യാശയിൽ അമ്മ
നോവും മനസ്സിനെ
മൂടിവയ്ക്കാം
മരണത്തെ ജയിച്ചുനീ
മടങ്ങിവരും വരെ
അമ്മ കാത്തിരിക്കാം...”


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image Courtesy: here

1 comment:

  1. മരണത്തെ ജയിച്ചുനീ
    മടങ്ങിവരും വരെ
    അമ്മ കാത്തിരിക്കാം...

    ReplyDelete