Friday, 2 April 2010

ദേവയാഗം



ഭൂലോകസ്വര്‍ഗ്ഗങ്ങളാൽ
വിസ്മൃതൻ തിരസ്കൃതൻ
ശ്രീയേശുനാഥൻ ക്രൂശിൽ
തളര്‍ന്നു ശയിക്കുന്നു

ആണികൾമുറുകും കൈ-
കാലുകൾ പിളരുന്നു
സിരകൾ തളരുന്നു
അധരം വരളുന്നു
മുള്‍മുന ശിരസിന്മേൽ
ആഴ്ന്നിറങ്ങുന്നു ജീവ-
തന്തുക്കള്‍ വലിയുന്നു
ഹൃദയം പിടയുന്നു

പരിഹാസത്തിൻ വിഷം-
വമിക്കും കൂരമ്പുകൾ
കരളിൽ പതിയ്ക്കുന്നു
വേദനകിനിയുന്നു
“ദൈവത്തിൻ പ്രിയപുത്രൻ
നീയല്ലെ നിനക്കെന്തും
സാദ്ധ്യമാണല്ലൊസ്വയം
രക്ഷിക്കാൻ കഴിവില്ലെ
ഇറങ്ങി വരികനീ
ക്രൂശിന്മേൽ നിന്നും സ്വയം
തെളിയിക്കുക ഞങ്ങൾ
കാണട്ടെ നിൻ ശക്തികൾ”

തളര്‍ന്നു മയങ്ങുമാ
നേത്രങ്ങൾ വിടരുന്നു
പ്രിയരാം ജനങ്ങളെ
ആര്‍ദ്രന്മായ് വീക്ഷിക്കുന്നു
അറിയുന്നീലല്ല്ലോ ഈ
പൈതങ്ങൾ പിതാവിന്റെ
ഹൃദയം തകര്‍ക്കുന്ന
ധൂര്ത്തരാം പ്രിയമക്കൾ

“അജ്ഞരാമിവരോടു
പൊറുക്കു പിതാവെ നീ
അന്ധരാമിവര്‍ക്കു നീ
മാപ്പു നല്‍കുക താതാ”

കനിവിന്നുറവുമായ്
കൈനീട്ടുമാത്മാവിതാ
പ്രിയരാം ജനത്തിനായ്
ദാഹിച്ചു തളരുന്നു
ദാഹമീദാഹം ചുറ്റും
കനലായെരിയുന്ന
താപമീകൊടും താപം
ദാഹമീകൊടും ദാഹം
“എനിക്കു ദാഹിക്കുന്നു
എനിക്കു ദാഹിക്കുന്നു”
ക്രൂശിൽ നിന്നുയരുന്നു
തളരും മൃദുസ്വരം

കണ്ണീരിൽ മുഴുകിയ
തൻ പ്രിയമാതാവിനെ
കനിവാര്‍ന്നിതാപുത്രൻ
വീക്ഷിപ്പുശോകാര്‍ദ്രനായ്
തൻ പ്രിയശിഷ്യൻ നേര്‍ക്കു
മിഴികൾചലിപ്പിച്ചു
മന്ദമായ് മൊഴിയുന്നു
“അമ്മെ നിൻ മകനിതാ”

“അമ്മയെ കൈക്കൊള്ളുക”
ശിഷ്യനോടരുൾചെയ്തു
സര്‍വ്വവും സമര്‍പ്പിച്ചു
സര്‍വ്വവും ദാനം ചെയ്തു
ജീവനും ശരീരവും
ഭാഗിച്ചു ജനത്തിനായ്
തൻ പ്രിയമാതാവിനെ
ലോകമാതാവായ് നല്‍കി

“ഞാനിതാ സ്വയം തരു
ന്നെന്നെയെന്നാത്മാവിനെ
എന്‍പ്രിയപിതാവെ നിൻ
ശക്തമാം കരങ്ങളിൽ
താത നിൻ ഹിതമെല്ലാം
പൂര്‍ണ്ണമായ് നിറവേറ്റി
സര്‍വ്വവും സമ്പൂര്‍ണ്ണമായ്
സ്വീകരിക്കുകീയാഗം”

ശാന്തമാനയനങ്ങൾ
അടയുന്നിതാമെല്ലെ
അരുമശ്ശിരസ്സിതാ
ചായുന്നു കുരിശിന്മേൽ
മരണം ജഡത്തിന്മേൽ
കൊടിനാട്ടുന്നു സൂര്യ-
കിരണം മറയുന്നു
ഭൂമുഖമിരുളുന്നു
ദേവാലയന്തര്‍ഭാഗ-
ത്തിരശ്ശീലകള്‍ കീറി
ദൈവികരഹസ്യത്തിൻ
മറശ്ശീലകള്‍ നീങ്ങി
വിണ്ണിന്റെ വരദാനം-
മണ്ണിന്നു പ്രസാദമായ്
അന്തിമവിജയത്തിൻ
കാഹളധ്വനിയായി!


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image Courtesy: here

1 comment:

  1. ശാന്തമാനയനങ്ങൾ
    അടയുന്നിതാമെല്ലെ
    അരുമശ്ശിരസ്സിതാ
    ചായുന്നു കുരിശിന്മേൽ...

    ReplyDelete