Monday 29 March, 2010

വേദനകളുടെ രാത്രി



ജീവിതനാടക
വേദിയിലെ കൊടും
യാതനാഭരിതമാമന്ത്യരംഗം
ആടുവാൻ സമയമാ
കുന്നു യേശു
നാഥൻ വിവശനാകുന്നു

നാലുനാൾ മുൻപു
വിജയഗീതങ്ങളാൽ
പൂമാലയണിയിച്ചവര്‍
പൂമണം പേറിയ
പൂങ്കാറ്റിനോടൊപ്പം
പൂമരക്കൊമ്പുമാ
യെതിരേറ്റവര്‍
വാളും വടികളും
ചാട്ടവാര്‍മുനകളും
കൈകളിലേന്തിവരുന്നു
കാപട്യമോലുന്ന
ചുംബനം നല്കുവാൻ
പ്രിയതോഴ
നൊരുങ്ങി വരുന്നു

വേദന തന്നിരുൾ
മൂടിയൊരീയാമിനി
സാന്ത്വനമില്ലാ
തുഴറുന്നൊരീവേളയിൽ
ധ്യാനനിലീനനായ്
യേശുദേവൻ
മൌനയാമങ്ങൾ
കൊഴിഞ്ഞു വീഴുന്നു
ഒലിവിലക്കൊമ്പുകളിളക്കി
ഗദ്സമെൻ
ഗുരുവിനു കാവല്‍ നില്‍ക്കുന്നു
യാതനാപാത്രം
നിറഞ്ഞൊഴുകും ചിത്രം
ആ മനക്കണ്ണിൽ വിടരുന്നു
ആകുലചിത്തനായ്
അസ്വസ്ഥനായ് നാഥൻ
ആകെ തളര്‍ന്നുപോകുന്നു
ആത്മസംഘര്‍ഷത്തി
ന്നലയടിയിൽ മന
മാകെ തകര്‍ന്നുലയുന്നു
പ്രാണൻ പിടയുന്ന
വേദനയിൽ രോമ
കൂപങ്ങൾ തോറും
നിണം പൊടിയുന്നു
തപ്തബാഷ്പങ്ങൾ
നിറഞ്ഞൊരാമിഴികൾ തൻ
സ്വര്‍ഗ്ഗപിതാവിൻ നേര്‍ക്കുയരുന്നു!

"ദുര്‍ഭരമീ കൊടുംയാതനകൾ മമ
വത്സലതാതാ മനമിടറുന്നു
യാചിക്കുവാനെനി
ക്കാവുകില്ലെങ്കിലും
ആശിക്കയാണെന്റെ
തപ്തചിത്തം
അറിയാതെ മോഹിക്ക
യാണെന്റെ മാനസം
ഈയാഗമൊഴിവാക്കിയെങ്കിൽ...
അനിവാര്യമെങ്കിലു
മീപ്പാനഭാജനം
അവിടുന്നു തിരിച്ചെടുത്തെങ്കിൽ..."

എൻ രക്തകണങ്ങള്‍ക്കായ്‌
ദാഹിക്കുമീജനം
എന്റെ വാത്സല്ല്യം
നുകര്‍വരല്ലെ...
എന്റെ സര്‍വ്വസ്വവും
അര്‍പ്പിച്ചതീജനം
എന്നും സ്വതന്ത്രരായ്
തീരുവാനല്ലെ…

എങ്കിലും ഏകനാ
യെന്നെ ഉപേക്ഷിച്ചു
എൻ തോഴര്‍ പോലും മയങ്ങി
വിടചൊല്ലുമീയന്ത്യ
നിമിഷങ്ങളിൽ എന്നെ
വെടിയുന്നെൻ
പ്രിയ ശിഷ്യര്‍ പോലും!

ഘോരമീരാവിൻ
കൃതഘ്നത താങ്ങുവാൻ
ഈ പാനപാത്രത്തിൻ
വേദന താങ്ങുവാൻ
ഈ നിമിഷങ്ങള്‍ തന്‍
ശൂന്യത താങ്ങുവാൻ
ഏകനായ് ഞാൻ
കാത്തു നില്പ്പു!

ഉഴറുമെൻ മാനസം
തളരുന്നുവെങ്കിലും
ഉഴലുന്നു ചിന്തകളെന്നാകിലും
എൻ ഹിതമല്ലെൻ
പിതാവെ നിൻ തിരുഹിത
മെന്നും പരിപൂര്‍ണ്ണമായിടട്ടേ!!!



Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image Courtesy: here

1 comment:

  1. “ദുര്‍ഭരമീകൊടും യാതനകൾ മമ
    വത്സലതാതാ മനമിടറുന്നു
    യാചിക്കുവാനെനി
    ക്കാവുകില്ലെങ്കിലും
    ആശിക്കയാണെന്റെ
    തപ്തചിത്തം
    അറിയാതെ മോഹിക്ക
    യാണെന്റെ മാനസം
    ഈയാഗമൊഴിവാക്കിയെങ്കിൽ...
    അനിവാര്യമെങ്കിലു
    മീപ്പാനഭാജനം
    അവിടുന്നു തിരിച്ചെടുത്തെങ്കിൽ..."

    ReplyDelete