Saturday, 20 March 2010

നായകന്‍



പ്രശാന്തഗംഭീരവദനം
പ്രകാശഭരിതം നയനം
കരുണാസാഗരഹൃദയം
വഴിയും വചനാമൃതം!

യേശുനാഥൻ അണയുകയായ്
വചനസന്ദേശമൊഴുകുകയായ്
മനുഷ്യഹൃദയങ്ങൾ ഉണരുകയായ്
പുളകമാകെ പടരുകയായ്!

അഗതിയെ മാറോടു ചേര്‍ക്കുന്നവൻ
അലയുവോര്‍ക്കാശ്വാസമേകുന്നവൻ
പാപിതൻ കണ്ണീര്‍ തുടക്കുന്നവൻ
പാപങ്ങൾ മോചിച്ചുമാപ്പേകുവോന്‍

തിരകള്‍ക്കു മീതേ നടക്കുന്നവൻ
കടലിനെ ശാസിച്ചൊതുക്കുന്നവൻ
വചനത്താൽ വെറും ജലം വീഞ്ഞാക്കുവോൻ
ദാരിദ്ര്യദു:ഖങ്ങൾ തീര്‍ക്കുന്നവൻ

കുരുടര്‍ക്കു മിഴികൾ തുറക്കുന്നവൻ
ബധിരര്‍ക്കു കര്‍ണ്ണങ്ങള്‍ നല്‍കുന്നവൻ
രോഗിക്കു സൗഖ്യം കൊടുക്കുന്നവൻ
മരിച്ചവരെ വീണ്ടുമുയിര്‍പ്പിക്കുവോൻ!

ജറുസലേം വീഥികളണിഞ്ഞൊരുങ്ങി
ഒലിവിലക്കൊമ്പുകളുയര്‍ന്നിളകി
ജനഹൃദയങ്ങളിലലയിളകി
പുളകിതരായവരാര്‍ത്തുപാടി

“വരുമെന്നു പറഞ്ഞവനിവനല്ലയൊ
ദൈവത്തിന്‍ പ്രിയപുത്രനിവനല്ലയൊ
സ്വര്‍ഗ്ഗത്തിന്‍ വരദാനമിവനല്ലയൊ
മിശിഹാ ഇവനല്ലയൊ!”


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the images.
Image Courtesy: http://i467.photobucket.com/albums/rr40/xxDANCErawrDANCExx/Jesus_Christ.jpg

No comments:

Post a Comment