Wednesday, 8 December 2010

നന്മ നിറഞ്ഞവൾ…മരിയ



രാജവംശ വനികയിൽ 
അരുമയായ് വിരിഞ്ഞപുഷ്പം 
ദാവീദിൻ വംശത്തിലാരോമലായ് 
വന്നു വിരിഞ്ഞ സ്വപ്നം 

അസുലഭസൌശീല്ല്യ-
സൌഭാഗ്യമാര്‍ന്നവൾ മരിയ
അമലമനോഹരി
അതിനിര്‍മ്മലയവൾ മരിയ
ഉഷമലര്‍ പോൽ സ്വര്‍ണ
പ്പുലരൊളി പോലെ മരിയ
നിറകതിര്‍ പോൽ വര്‍ണ്ണ
മലരിതൾ പോലെ മരിയ
ഉഷകാലതാരകം
പോൽ ഒളി ചിതറി മരിയ
നിറപൌര്‍ണ്ണമി പോൽ
നിറദീപനാളം പോൽ മരിയ

ജന്മപാപത്തിൻ
കറ പുരളാതവൾ പിറന്നു
കര്‍മ്മപാപത്താൽ
മലിനയാകാതവൾ വളര്‍ന്നു

വ്രതശോഭയാര്‍ന്ന കുമാരി
കറയറ്റ പൊൻനിലാവായി
കനിവിന്റെ പാല്‍മഴയായി
അഴകാര്‍ന്ന പൊൻകിനാവായി

അവളുടെ നിര്‍മ്മല
ഹൃദയത്തിനുള്ളിൽ
അറിയാതെ വിരിയുന്നൊരുമോഹം
അവളുടെ ആത്മാവിൽ
അതിഗൂഡമായ് വന്നു
നിറയുന്നൊരജ്ഞാതദാഹം
അരുണോദയത്തിൽ
അസ്തമയത്തിൽ
മിഴിചിമ്മും താരാഗണത്തിൽ
വിടരുന്നപൂക്കളിൽ
മഞ്ഞിൻ കണങ്ങളിൽ
ഒഴുകുന്നപൊന്നിന്‍ നിലാവിൽ
അവൾ കാണുന്നൊരു മുഖം
ഒരു മുഖം മാത്രം
വിരിയുന്നൊരിളം തളിര്‍ മുകുളം
‘ജെസ്സെയുടെ വൃക്ഷത്തിൽ
വിരിയുന്ന പുഷ്പം’
കോടിയുഗങ്ങൾ തൻ സ്വപ്നം

സങ്കീര്‍ത്തനങ്ങളിൽ
ഉത്തമഗീതത്തിൽ
ജ്ഞാനികൾ തൻ
ജ്ഞാന വചസ്സുകളില്‍
കിളികൾ തൻ പാട്ടിൽ
ഇളം കാറ്റിന്നീണത്തിൽ
അവൾ കേൾക്കു
ന്നൊരുഗാനം മാത്രം

“വരുമെന്നു പറഞ്ഞവൻ
എഴുന്നെള്ളും സമയമായ്
വരവേല്‍പ്പിനൊരുങ്ങുക മരിയെ
മനസിന്റെ കോവിലിൽ
മണിദീപമൊരുക്കുക
മലര്‍ മെത്തവിരിക്കുക മരിയെ”

സങ്കീര്‍ത്തനങ്ങൾ തൻ
മാസ്മര ലഹരിയി-
ലവളലിഞ്ഞു
മധുരിമയാര്‍ന്നൊരു
മംഗളവാക്യത്തിൻ
ശ്രൂതിയുണര്‍ന്നു,
അവൾ മിഴിതുറന്നു,
മുന്നിൽ ചിറകൊതുക്കുന്നു,
മുകുളിതപാണിയാം
ദൈവദൂതൻ

“സര്‍വ്വകുലോത്തമയെ മരിയെ
നന്മ നിറഞ്ഞവളെ
സര്‍വ്വേശ്വരന്‍ നിന്നിൽ
സംപ്രീതനായ്
സര്‍വ്വര്‍ക്കും നീ
സമാരാധ്യയായി
വചനം മാംസമായ്
അവതരിക്കും ദൈവ
തനയനവന്‍ നിന്നിൽ
ആവസിക്കും
കന്യകാമാതാവായ്
തീരും നീ, നിന്‍സുതൻ
ഇമ്മാനുവേലെന്നു
വിളിക്കപ്പെടും”

കന്യക ശിരസു നമിച്ചു ദൂത-
വചസുകളവൾ ഗ്രഹിച്ചു
ഹൃദയത്തിൽ സംഗ്രഹിച്ചു, ചിത്തം
സര്‍വ്വേശ്വരന്മുന്നിലര്‍പ്പിച്ചു
പ്രത്യാശയാര്‍ന്നവൾ നിന്നു
ദൃഢവിശ്വാസമാര്‍ന്നു മൊഴിഞ്ഞു

“കര്‍ത്താവിൻ ദാസിയിതാ, തിരുഹിതം
എന്നില്‍ ഭവിക്കട്ടെ നിത്യം”


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image
Image courtesyhttp://i307.photobucket.com/albums/nn318/anima_fragile87/PhilippedeChampaigne-Annunciation.jpg

Saturday, 7 August 2010

അപരാജിതൻ



ആത്മാവിനാൽ പരിപൂരിതനേശു 
ആഗതനായ് മരുഭൂവിൽ 
ആത്മാവിൻ ദാഹമുണര്‍ന്നു ഹൃദയം 
ആനന്ദതരളിതമായി 
അജ്ഞലി മുകുളിതമായി മിഴികൾ 
അര്‍ദ്ധനിമീലിതമായി 
സ്വര്‍ഗ്ഗപിതാവുമായ് ഗാഢമാമൈക്യത്തിൽ 
ചിത്തമലിയുകയായി
ദാഹമോഹങ്ങൾ മറന്നു പാനീയ-
ഭോജനമെല്ലാം മറന്നു
ജപതപധ്യാനത്തിലലിഞ്ഞു കഠിനമാ-
മുപവാസത്തികവിലുലഞ്ഞു

രാവുകൾ പോയതറിഞ്ഞില്ല പകൽ
തീര്‍ന്നതുമവനറിഞ്ഞില്ല
നിദ്രയ്ക്കുമുണര്‍വിനുനുമിടയിൽ എതോ
സ്വപ്നത്തിലവനലിഞ്ഞു
ഭൂലോകസ്വര്‍ഗ്ഗങ്ങള്‍ തരിച്ചുനിന്നു കാവൽ -
മാലാഖമാര്‍ കാത്തുനിന്നു
ദിവസദലങ്ങൾ കൊഴിഞ്ഞുവീണു വ്രത -
കഠിനതയേറിവന്നു
വ്രതശുഷ്കമാകും ശരീരത്തില്‍ തേജോ-
മയനാകുമാത്മാവുണര്‍ന്നു
ഭൂലോകപാപങ്ങൾ മായ്ക്കുന്ന സൂര്യൻ
ഹൃദയത്തിലുദിച്ചുയര്‍ന്നു
തിന്മതൻ തായ്‌വേരറുക്കുന്ന പടവാൾ
ആത്മാവിലവനണിഞ്ഞു
പരിശുദ്ധിതൻ നിത്യകവചങ്ങളണിഞ്ഞു
അതിശക്തനവൻ മിഴിതുറന്നു!

മധുരപ്രലോഭനമന്ത്രവുമായ് മുന്നില്‍
തമസിന്റെ ദൂതനണഞ്ഞു
മണ്ണിൽ പിറന്ന മഹേശ്വരപുത്രനെ
വിഭ്രമിപ്പിക്കാനണഞ്ഞു
“കഠിനവ്രതങ്ങളാൽ മൃദുലമീപൂമേനി
അതിശുഷ്കമായ് തീര്‍ന്നുവല്ലോ
നാല്പതു രാപകൽ തൻ ദാഹമോഹങ്ങൾ
നിന്നെ വലയ്ക്കുന്നുവല്ലൊ
അരികിൽ കിടക്കുമീ കല്ലുകൾ മധുവൂറും
ഭോജ്യമായ് മാറ്റി ഭുജിക്കൂ
അതിതുംഗമീശൃംഗമകുടത്തില്‍നിന്നും
അതിവേഗമൊന്നു കുതിയ്ക്കൂ
ശക്തനാമെന്നെ വണങ്ങുക നീ സര്‍വ്വ-
ശക്തിയും ഞാൻ നിനക്കേകാം
സമ്പത്തു നല്‍കാം സുഖങ്ങൾ നല്‍കാം
ഇന്നു സര്‍വ്വാധികാരവുമേകാം”
യേശുവിൻ ഹൃദയം ജ്വലിച്ചു തേജസ്സാര്‍ -
ന്നവിടുത്തെ മിഴികളെരിഞ്ഞു
മധുരപ്രലോഭനമന്ത്രങ്ങളെ ദൈവ-
വചനത്താലവൻ ചെറുത്തു!

വിജയശ്രീലാളിതൻ അപരാജിതൻ തിന്മ-
യ്ക്കെതിരെ പൊരുതുന്നവൻ
അടിവെച്ചു മാനവഹൃദയത്തിലേയ്ക്കു തൻ
കരുണാര്‍ദ്രസ്മേരവുമായ്!


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image courtesy: Jesus-knocking-on-the-door

Saturday, 24 July 2010

വചനസുധ




സ്നേഹം മൂലം സ്വര്‍ഗ്ഗം കൈവി-
ട്ടിറങ്ങി ഭൂമിയിൽ വന്നു
സ്നേഹത്തിൻ നവമാതൃക മാനവ-
നേകിയ നായകനേശു

ഏകുകയാണു പ്രമാണം "തമ്മിൽ-
സ്നേഹിച്ചീടുക നിങ്ങൾ
സ്നേഹം സർവ്വ പ്രമാണസംഗ്രഹം
സർവ്വോൽകൃഷ്ടവികാരം

ക്ഷമിച്ചു നൽകുക, സോദരരല്ലോ
നിനക്കു ജനതകളെല്ലാം
വിതച്ചു കൊള്ളുക നന്മകൾ, നൂറു-
മടങ്ങു കൊയ്തുനിറയ്ക്കാം

നശ്വരമാണു ശരീരം, അനശ്വര-
മാത്മാവാണു വിശിഷ്ടം
ബാഹ്യശരീര വിശുദ്ധിയേക്കാൾ
ആത്മവിശുദ്ധി പ്രധാനം

ഹൃദയത്തിൽ നിന്നുയരുന്നവയാൽ
അശുദ്ധനാകുന്നൊരുവൻ
ദുഷ്പ്രേരണകൾ ദുർമോഹങ്ങൾ
വിനാശകാരികളെന്നും

അമിതസുഖങ്ങൾ, ലാലസകൾ
അധികം വന്ന ധനങ്ങൾ;
അപകടകാരികൾ ദൈവത്തിൽ നി-
ന്നകറ്റിടുന്നവ മതിലായ്

ജീവനിലേയ്ക്കു നയിക്കും വീഥികൾ
ഞെരുക്കമേറിയതെന്നും
വിശാലവാതിൽ കടന്നു ചെൽവതു
നരകാഗ്നിയിലേയ്ക്കല്ലൊ

ഉൽക്കണ്ഠകളെ അകലെക്കളയുക
ഉലകിന്നുടയവനരികിൽ
അന്നന്നത്തേക്കുള്ളതു നൽകാൻ
അവിടുന്നരികിൽ നില്പൂ

വാനിൽ പാറിപ്പറന്നു പോകും
കുരുവികൾ എളിയവരല്ലൊ
വിതപ്പതില്ലാ കൊയ്യുന്നില്ലവർ
നിറപ്പതില്ല അറകൾ
അവരെത്തീറ്റിപോറ്റി വളർത്തു-
ന്നവരുടെനാഥൻ ദൈവം

വയലിൽവളരും ലില്ലിപ്പൂവുകൾ
അരുമകൾ ചെറിയവരല്ലൊ
അണിയിക്കുന്നതവരെ അഴകിൽ
അലിവോടെന്നും നാഥൻ

കുരുവികളെക്കാൾ ലില്ലികളെക്കാൾ
വലിയവനല്ലോ മര്‍ത്യന്‍
വിലയുറ്റവരാം മനുഷ്യമക്കളെ
വെടിയുവതെങ്ങനെ ദൈവം…?

വിശ്വാസത്താൽ വലിയവരാകുക
പ്രാർഥന വലിയൊരു ശക്തി;
അടർന്നുമാറും മലകൾ പോലും
അലകടൽ വഴിമാറും!

സ്നേഹിച്ചീടുക ജഗല്‍പ്പിതാവിനെ
സമസ്ത ഹൃദയത്തോടെ
ചരിയ്ക്ക ദൈവികവഴിയിൽ, എല്ലാം
ലഭിയ്ക്കുമതിനോടൊപ്പം”!


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the images.
Image Courtesy: Jesus Christ - Sermon on the mount

Monday, 5 July 2010

അനുതാപം



ഒരുപാടു കറകൾ നിറഞ്ഞൊരാത്മാവിൽ
അനുതാപക്കണ്ണീരുമായ്
കുരിശിന്റെ വഴിയിൽ എന്‍ ദൈവമെ ഞാ-
നവിടുത്തെ കാത്തുനില്ക്കുന്നു!
എരിയുമെന്‍ ഹൃദയത്തിന്നുറവുകൾ കണ്ണീര്‍-
തിരകളായലയടിക്കുന്നു!
ഒരു കൊടുങ്കാറ്റായെന്നാത്മാവിൽ നിന്നൊരു
ചുടുനെടുവീര്‍പ്പുയരുന്നു!

എന്‍ പാപമുള്‍മുനത്തുമ്പുകൾ നിന്‍ തിരു-
ഹൃദയം തകര്‍ത്തുവെന്നാലും
എന്‍ തിരസ്കാരത്തിന്‍ നൊമ്പരത്താൽ നീ
ഉരുകിപ്പിടഞ്ഞുവെന്നാലും
അവസാനമില്ലാത്ത സ്നേഹമെ നീയെനി-
ക്കലിവാര്‍ന്നു മാപ്പേകണേ...
അലിവിന്റെ സാഗരമലയടിക്കും തിരു
മിഴികളാലെന്നെ നീ നോക്കേണമേ...

Copyright © 2010 - rosebastin3.blogspot.com. All rights reserved except for the images.
Image courtsey: http://www.flickr.com/photos/meatlessrawsugar/312127476

Monday, 5 April 2010

ഈസ്റ്റര്‍



സാബത്തു കഴിഞ്ഞു
നിശീഥിനി തന്നിരുൾ
യാമങ്ങൾ കൊഴിഞ്ഞുവീണു
മണ്ണിൽ വീണു
മുളപൊട്ടി ജീവൽ-
ക്കിരണം പ്രകാശമായുണര്‍ന്നു!

മൂന്നുനാൾ മരണത്തിൻ
മടിയിലുറങ്ങി
വചനം തിരുമിഴി തുറന്നു
ആയിരം സൂര്യ-
പ്രഭാകിരണങ്ങളെ
വെല്ലും സൂര്യനുണര്‍ന്നു
മഹിയിൽ പിറന്ന
മഹോന്നതനേശു
മരണത്തെ ജയിച്ചുവന്നു
മാനവഹൃദയത്തിൽ
പ്രത്യാശതൻ നിത്യ
തേജസ്സായവനുണര്‍ന്നു
അവികലശോഭയാര്‍-
ന്നവനുയര്‍ന്നു നിത്യ-
വിജയത്തിൻ കൊടിയുയര്‍ന്നു!

മൃത്യുകവാടങ്ങൾ
ഭേദിച്ചുയര്‍ന്നൊരാ
വിദ്യുത്‌ലതികയെ നോക്കി
സര്‍വ്വപ്രപഞ്ചവും
കൈകൂപ്പി നിന്നു
വിണ്ണിൽ സ്തുതിഗീതമുയര്‍ന്നു!

Copyright © 2010 - rosebastin3.blogspot.com. All rights reserved except for the images.
Image Courtesy: here

Saturday, 3 April 2010

അമ്മയുടെ മടിയില്‍



വേദനയെല്ലാമടങ്ങി
പ്രാണൻ വേര്‍പെട്ടു
മിഴികളടഞ്ഞു
ശ്രീയേശുനാഥൻ
ശയിക്കുന്നു വീണ്ടുമൊ
രുണ്ണിയായ് അമ്മതൻ മടിയിൽ
ചുടുനിണമൊഴുകി
പടര്‍ന്നൊരാ പ്രിയദേഹം
വാരിപ്പുണരുന്നു അമ്മ
താലോലമാട്ടി
ഉറക്കിയ കൈകളാല്‍
മാറോടു ചേര്‍ത്തണയ്ക്കുന്നു!

കാരിരുമ്പാണി
പ്പഴുതുകളിൽ ചാട്ട
വാര്‍മുനപ്പാടുകളിൽ
മുള്‍മുനയേറ്റു
മുറിവാര്‍ന്ന നെറ്റിയിൽ
വിളറും കപോലങ്ങളിൽ
പാതിയടഞ്ഞ
മിഴികളിൽ ചെന്നിണ
മൊഴുകിയ വിരിമാറിടത്തിൽ
വിറയാര്‍ന്ന വിരലുകൾ
തഴുകുന്നു അമ്മതൻ
ഹൃദയം പിളര്‍ന്നുപോകുന്നു!
അഗ്നിനാളങ്ങളായ്
പൊള്ളിക്കുമോര്‍മ്മകള്‍
അമ്മ പിടഞ്ഞുപോകുന്നു!
ഉരുകിത്തിളക്കുന്ന
ഹൃദയത്തിൽ നിന്നും
ഉയരുന്നു ഗദ്ഗദങ്ങൾ!

“വിണ്ണിൽ നിന്നു പ-
റന്നണഞ്ഞമ്മതൻ
പൊന്നുണ്ണിയായ് നീ
പിറന്ന നാളിൽ
ഇപ്രപഞ്ചത്തെ
കൈവിട്ടു നിന്നെ ഞാൻ
എത്തിപ്പിടിച്ച നാളിൽ
കൈകാൽ കുടഞ്ഞെൻ
മടിയിൽ കിടന്നു നീ
പുഞ്ചിരിപ്പൂക്കളുതിര്‍ത്തു
വിശ്വം മുഴുവൻ
പ്രകാശമാര്‍ന്നു അമ്മ
ദു:ഖങ്ങളെല്ലാം മറന്നു

എന്തിനീന്നമ്മയെ
കൈവിട്ടു കണ്മണീ
കണ്ണീരിലുരുകുവാനൊ
അന്തമില്ലാത്തൊരീ
നൊമ്പരത്തിരകളിൽ
മുങ്ങിപ്പിടയുവാനോ

മിഴിനീരെല്ലാം
തുടച്ചെടുത്താനന്ദ-
മണിയിച്ചു നീ നിൻ ജനത്തെ
നിൻ വചനത്തിന്റെ
ശക്തിയാൽ നീ വെറും
വെള്ളത്തെ വീഞ്ഞാക്കി മാറ്റി
കാറ്റിനെ ശാസിച്ചു
കടലിനെയൊതുക്കി
തിരകള്‍ക്കു മീതെ നടന്നു
മരണത്തിൻ ഗുഹയിൽ
നിന്നു നീ മൃതരെ
തിരികെ വിളിച്ചിറക്കി
അന്ധര്‍ക്കു മിഴി നല്‍കി
ബധിരര്‍ക്കു കര്‍ണ്ണവും
രോഗിക്കു സൌഖ്യവും നല്‍കി

എല്ലാം നിനക്കു
സുസാദ്ധ്യമാണെന്നിട്ടും
ദു:ഖങ്ങൾ നീയേറ്റുവാങ്ങി
പ്രാണൻ വെടിഞ്ഞു
മകനെ മിഴിപൂട്ടി
നീയെന്റെ മടിയിൽ കിടപ്പൂ
അമ്മതൻ കദന-
ക്കടലിലെ തിരകൾ
അഗ്നി പ്രവാഹമാകുന്നു
അന്തരാത്മാവിലെ
തിരയടക്കൂ ഉണ്ണി
കടലിനെ ശാസിച്ചൊതുക്കൂ

അമ്മതൻ സൌഭാഗ്യ
പൂര്‍ണ്ണിമെ നിൻഹിതം
എൻ ഹിതമായിരുന്നെന്നും
നിൻ മൊഴികൾ നറു-
തേൻകണങ്ങൾ എന്നും
അമ്മയ്ക്കമൃതായിരുന്നു
നിൻ ഹിതമെങ്കിലീ
വേദനപോലും നി-
ന്നമ്മയ്ക്കഹിതമല്ലുണ്ണീ

കൂരിരുള്‍മായും
നിൻമിഴിപ്പൂക്കൾ
വീണ്ടും പ്രകാശമുതിര്‍ക്കും
നിൻവചനാമൃത-
മാത്മാവിൽ വീണ്ടും
തേൻകണമായുതിരും
വിശ്വാസമേകുമീ
പ്രത്യാശയിൽ അമ്മ
നോവും മനസ്സിനെ
മൂടിവയ്ക്കാം
മരണത്തെ ജയിച്ചുനീ
മടങ്ങിവരും വരെ
അമ്മ കാത്തിരിക്കാം...”


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image Courtesy: here

Friday, 2 April 2010

ദേവയാഗം



ഭൂലോകസ്വര്‍ഗ്ഗങ്ങളാൽ
വിസ്മൃതൻ തിരസ്കൃതൻ
ശ്രീയേശുനാഥൻ ക്രൂശിൽ
തളര്‍ന്നു ശയിക്കുന്നു

ആണികൾമുറുകും കൈ-
കാലുകൾ പിളരുന്നു
സിരകൾ തളരുന്നു
അധരം വരളുന്നു
മുള്‍മുന ശിരസിന്മേൽ
ആഴ്ന്നിറങ്ങുന്നു ജീവ-
തന്തുക്കള്‍ വലിയുന്നു
ഹൃദയം പിടയുന്നു

പരിഹാസത്തിൻ വിഷം-
വമിക്കും കൂരമ്പുകൾ
കരളിൽ പതിയ്ക്കുന്നു
വേദനകിനിയുന്നു
“ദൈവത്തിൻ പ്രിയപുത്രൻ
നീയല്ലെ നിനക്കെന്തും
സാദ്ധ്യമാണല്ലൊസ്വയം
രക്ഷിക്കാൻ കഴിവില്ലെ
ഇറങ്ങി വരികനീ
ക്രൂശിന്മേൽ നിന്നും സ്വയം
തെളിയിക്കുക ഞങ്ങൾ
കാണട്ടെ നിൻ ശക്തികൾ”

തളര്‍ന്നു മയങ്ങുമാ
നേത്രങ്ങൾ വിടരുന്നു
പ്രിയരാം ജനങ്ങളെ
ആര്‍ദ്രന്മായ് വീക്ഷിക്കുന്നു
അറിയുന്നീലല്ല്ലോ ഈ
പൈതങ്ങൾ പിതാവിന്റെ
ഹൃദയം തകര്‍ക്കുന്ന
ധൂര്ത്തരാം പ്രിയമക്കൾ

“അജ്ഞരാമിവരോടു
പൊറുക്കു പിതാവെ നീ
അന്ധരാമിവര്‍ക്കു നീ
മാപ്പു നല്‍കുക താതാ”

കനിവിന്നുറവുമായ്
കൈനീട്ടുമാത്മാവിതാ
പ്രിയരാം ജനത്തിനായ്
ദാഹിച്ചു തളരുന്നു
ദാഹമീദാഹം ചുറ്റും
കനലായെരിയുന്ന
താപമീകൊടും താപം
ദാഹമീകൊടും ദാഹം
“എനിക്കു ദാഹിക്കുന്നു
എനിക്കു ദാഹിക്കുന്നു”
ക്രൂശിൽ നിന്നുയരുന്നു
തളരും മൃദുസ്വരം

കണ്ണീരിൽ മുഴുകിയ
തൻ പ്രിയമാതാവിനെ
കനിവാര്‍ന്നിതാപുത്രൻ
വീക്ഷിപ്പുശോകാര്‍ദ്രനായ്
തൻ പ്രിയശിഷ്യൻ നേര്‍ക്കു
മിഴികൾചലിപ്പിച്ചു
മന്ദമായ് മൊഴിയുന്നു
“അമ്മെ നിൻ മകനിതാ”

“അമ്മയെ കൈക്കൊള്ളുക”
ശിഷ്യനോടരുൾചെയ്തു
സര്‍വ്വവും സമര്‍പ്പിച്ചു
സര്‍വ്വവും ദാനം ചെയ്തു
ജീവനും ശരീരവും
ഭാഗിച്ചു ജനത്തിനായ്
തൻ പ്രിയമാതാവിനെ
ലോകമാതാവായ് നല്‍കി

“ഞാനിതാ സ്വയം തരു
ന്നെന്നെയെന്നാത്മാവിനെ
എന്‍പ്രിയപിതാവെ നിൻ
ശക്തമാം കരങ്ങളിൽ
താത നിൻ ഹിതമെല്ലാം
പൂര്‍ണ്ണമായ് നിറവേറ്റി
സര്‍വ്വവും സമ്പൂര്‍ണ്ണമായ്
സ്വീകരിക്കുകീയാഗം”

ശാന്തമാനയനങ്ങൾ
അടയുന്നിതാമെല്ലെ
അരുമശ്ശിരസ്സിതാ
ചായുന്നു കുരിശിന്മേൽ
മരണം ജഡത്തിന്മേൽ
കൊടിനാട്ടുന്നു സൂര്യ-
കിരണം മറയുന്നു
ഭൂമുഖമിരുളുന്നു
ദേവാലയന്തര്‍ഭാഗ-
ത്തിരശ്ശീലകള്‍ കീറി
ദൈവികരഹസ്യത്തിൻ
മറശ്ശീലകള്‍ നീങ്ങി
വിണ്ണിന്റെ വരദാനം-
മണ്ണിന്നു പ്രസാദമായ്
അന്തിമവിജയത്തിൻ
കാഹളധ്വനിയായി!


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image Courtesy: here