Saturday 7 August, 2010

അപരാജിതൻ



ആത്മാവിനാൽ പരിപൂരിതനേശു 
ആഗതനായ് മരുഭൂവിൽ 
ആത്മാവിൻ ദാഹമുണര്‍ന്നു ഹൃദയം 
ആനന്ദതരളിതമായി 
അജ്ഞലി മുകുളിതമായി മിഴികൾ 
അര്‍ദ്ധനിമീലിതമായി 
സ്വര്‍ഗ്ഗപിതാവുമായ് ഗാഢമാമൈക്യത്തിൽ 
ചിത്തമലിയുകയായി
ദാഹമോഹങ്ങൾ മറന്നു പാനീയ-
ഭോജനമെല്ലാം മറന്നു
ജപതപധ്യാനത്തിലലിഞ്ഞു കഠിനമാ-
മുപവാസത്തികവിലുലഞ്ഞു

രാവുകൾ പോയതറിഞ്ഞില്ല പകൽ
തീര്‍ന്നതുമവനറിഞ്ഞില്ല
നിദ്രയ്ക്കുമുണര്‍വിനുനുമിടയിൽ എതോ
സ്വപ്നത്തിലവനലിഞ്ഞു
ഭൂലോകസ്വര്‍ഗ്ഗങ്ങള്‍ തരിച്ചുനിന്നു കാവൽ -
മാലാഖമാര്‍ കാത്തുനിന്നു
ദിവസദലങ്ങൾ കൊഴിഞ്ഞുവീണു വ്രത -
കഠിനതയേറിവന്നു
വ്രതശുഷ്കമാകും ശരീരത്തില്‍ തേജോ-
മയനാകുമാത്മാവുണര്‍ന്നു
ഭൂലോകപാപങ്ങൾ മായ്ക്കുന്ന സൂര്യൻ
ഹൃദയത്തിലുദിച്ചുയര്‍ന്നു
തിന്മതൻ തായ്‌വേരറുക്കുന്ന പടവാൾ
ആത്മാവിലവനണിഞ്ഞു
പരിശുദ്ധിതൻ നിത്യകവചങ്ങളണിഞ്ഞു
അതിശക്തനവൻ മിഴിതുറന്നു!

മധുരപ്രലോഭനമന്ത്രവുമായ് മുന്നില്‍
തമസിന്റെ ദൂതനണഞ്ഞു
മണ്ണിൽ പിറന്ന മഹേശ്വരപുത്രനെ
വിഭ്രമിപ്പിക്കാനണഞ്ഞു
“കഠിനവ്രതങ്ങളാൽ മൃദുലമീപൂമേനി
അതിശുഷ്കമായ് തീര്‍ന്നുവല്ലോ
നാല്പതു രാപകൽ തൻ ദാഹമോഹങ്ങൾ
നിന്നെ വലയ്ക്കുന്നുവല്ലൊ
അരികിൽ കിടക്കുമീ കല്ലുകൾ മധുവൂറും
ഭോജ്യമായ് മാറ്റി ഭുജിക്കൂ
അതിതുംഗമീശൃംഗമകുടത്തില്‍നിന്നും
അതിവേഗമൊന്നു കുതിയ്ക്കൂ
ശക്തനാമെന്നെ വണങ്ങുക നീ സര്‍വ്വ-
ശക്തിയും ഞാൻ നിനക്കേകാം
സമ്പത്തു നല്‍കാം സുഖങ്ങൾ നല്‍കാം
ഇന്നു സര്‍വ്വാധികാരവുമേകാം”
യേശുവിൻ ഹൃദയം ജ്വലിച്ചു തേജസ്സാര്‍ -
ന്നവിടുത്തെ മിഴികളെരിഞ്ഞു
മധുരപ്രലോഭനമന്ത്രങ്ങളെ ദൈവ-
വചനത്താലവൻ ചെറുത്തു!

വിജയശ്രീലാളിതൻ അപരാജിതൻ തിന്മ-
യ്ക്കെതിരെ പൊരുതുന്നവൻ
അടിവെച്ചു മാനവഹൃദയത്തിലേയ്ക്കു തൻ
കരുണാര്‍ദ്രസ്മേരവുമായ്!


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image courtesy: Jesus-knocking-on-the-door

No comments:

Post a Comment