Wednesday, 8 December 2010

നന്മ നിറഞ്ഞവൾ…മരിയ



രാജവംശ വനികയിൽ 
അരുമയായ് വിരിഞ്ഞപുഷ്പം 
ദാവീദിൻ വംശത്തിലാരോമലായ് 
വന്നു വിരിഞ്ഞ സ്വപ്നം 

അസുലഭസൌശീല്ല്യ-
സൌഭാഗ്യമാര്‍ന്നവൾ മരിയ
അമലമനോഹരി
അതിനിര്‍മ്മലയവൾ മരിയ
ഉഷമലര്‍ പോൽ സ്വര്‍ണ
പ്പുലരൊളി പോലെ മരിയ
നിറകതിര്‍ പോൽ വര്‍ണ്ണ
മലരിതൾ പോലെ മരിയ
ഉഷകാലതാരകം
പോൽ ഒളി ചിതറി മരിയ
നിറപൌര്‍ണ്ണമി പോൽ
നിറദീപനാളം പോൽ മരിയ

ജന്മപാപത്തിൻ
കറ പുരളാതവൾ പിറന്നു
കര്‍മ്മപാപത്താൽ
മലിനയാകാതവൾ വളര്‍ന്നു

വ്രതശോഭയാര്‍ന്ന കുമാരി
കറയറ്റ പൊൻനിലാവായി
കനിവിന്റെ പാല്‍മഴയായി
അഴകാര്‍ന്ന പൊൻകിനാവായി

അവളുടെ നിര്‍മ്മല
ഹൃദയത്തിനുള്ളിൽ
അറിയാതെ വിരിയുന്നൊരുമോഹം
അവളുടെ ആത്മാവിൽ
അതിഗൂഡമായ് വന്നു
നിറയുന്നൊരജ്ഞാതദാഹം
അരുണോദയത്തിൽ
അസ്തമയത്തിൽ
മിഴിചിമ്മും താരാഗണത്തിൽ
വിടരുന്നപൂക്കളിൽ
മഞ്ഞിൻ കണങ്ങളിൽ
ഒഴുകുന്നപൊന്നിന്‍ നിലാവിൽ
അവൾ കാണുന്നൊരു മുഖം
ഒരു മുഖം മാത്രം
വിരിയുന്നൊരിളം തളിര്‍ മുകുളം
‘ജെസ്സെയുടെ വൃക്ഷത്തിൽ
വിരിയുന്ന പുഷ്പം’
കോടിയുഗങ്ങൾ തൻ സ്വപ്നം

സങ്കീര്‍ത്തനങ്ങളിൽ
ഉത്തമഗീതത്തിൽ
ജ്ഞാനികൾ തൻ
ജ്ഞാന വചസ്സുകളില്‍
കിളികൾ തൻ പാട്ടിൽ
ഇളം കാറ്റിന്നീണത്തിൽ
അവൾ കേൾക്കു
ന്നൊരുഗാനം മാത്രം

“വരുമെന്നു പറഞ്ഞവൻ
എഴുന്നെള്ളും സമയമായ്
വരവേല്‍പ്പിനൊരുങ്ങുക മരിയെ
മനസിന്റെ കോവിലിൽ
മണിദീപമൊരുക്കുക
മലര്‍ മെത്തവിരിക്കുക മരിയെ”

സങ്കീര്‍ത്തനങ്ങൾ തൻ
മാസ്മര ലഹരിയി-
ലവളലിഞ്ഞു
മധുരിമയാര്‍ന്നൊരു
മംഗളവാക്യത്തിൻ
ശ്രൂതിയുണര്‍ന്നു,
അവൾ മിഴിതുറന്നു,
മുന്നിൽ ചിറകൊതുക്കുന്നു,
മുകുളിതപാണിയാം
ദൈവദൂതൻ

“സര്‍വ്വകുലോത്തമയെ മരിയെ
നന്മ നിറഞ്ഞവളെ
സര്‍വ്വേശ്വരന്‍ നിന്നിൽ
സംപ്രീതനായ്
സര്‍വ്വര്‍ക്കും നീ
സമാരാധ്യയായി
വചനം മാംസമായ്
അവതരിക്കും ദൈവ
തനയനവന്‍ നിന്നിൽ
ആവസിക്കും
കന്യകാമാതാവായ്
തീരും നീ, നിന്‍സുതൻ
ഇമ്മാനുവേലെന്നു
വിളിക്കപ്പെടും”

കന്യക ശിരസു നമിച്ചു ദൂത-
വചസുകളവൾ ഗ്രഹിച്ചു
ഹൃദയത്തിൽ സംഗ്രഹിച്ചു, ചിത്തം
സര്‍വ്വേശ്വരന്മുന്നിലര്‍പ്പിച്ചു
പ്രത്യാശയാര്‍ന്നവൾ നിന്നു
ദൃഢവിശ്വാസമാര്‍ന്നു മൊഴിഞ്ഞു

“കര്‍ത്താവിൻ ദാസിയിതാ, തിരുഹിതം
എന്നില്‍ ഭവിക്കട്ടെ നിത്യം”


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image
Image courtesyhttp://i307.photobucket.com/albums/nn318/anima_fragile87/PhilippedeChampaigne-Annunciation.jpg

No comments:

Post a Comment