Saturday, 13 February 2010

ആത്മാര്‍‍പ്പണം

എല്ലാം അറിയുന്ന ദേവാ
എൻ സ്നേഹമേ യേശുനാഥാ
എൻ ദൈവമെ നിന്നെയെന്നും
എന്നും സ്തുതിക്കട്ടെ ഞാൻ!

വഴികൾ മറന്നു ഞാനലയുന്ന നേരം
അരികിൽ നീവന്നു വിളിച്ചു…
നിൻ വചനങ്ങൾ പൂന്തേനരുവിയായ്
എന്നിലേക്കൊഴുകിവന്നു…
നിൻ മൃദു വാത്സല്ല്യ ധാരയിൽമുങ്ങി
എല്ലാം ഞാൻ മറന്നു…
കരുണതുളുമ്പും നിന്മിഴികളിൽ നോക്കിഞാൻ
കരയാൻ മറന്നു നിന്നു!

നിന്‍പാദ പദ്മങ്ങൾ തഴുകവെ മനമാകെ
നിറയുന്നൊരനവദ്യരാഗം...
മധുര മധുരമാമേതോ വികാരത്തിൽ
അലിയുന്നു മാമകചിത്തം...
വിസ്മരിക്കുന്നു ഞാൻ സര്‍വ്വവും തൃക്കാല്‍ക്ക-
ലര്‍പ്പിക്കയാണെൻ ഹൃദന്തം…
എല്ലാം അറിയുന്ന നിന്നോടു യാചിക്കാ-
നില്ലല്ലൊ ഇന്നെനിക്കൊന്നും!

എല്ലാം അറിയുന്ന ദേവാ
എൻ സ്നേഹമേ യേശുനാഥാ
എൻ ദൈവമെ നിന്നെയെന്നും
എന്നും സ്തുതിക്കട്ടെ ഞാൻ!

Copyright © 2010 - rosebastin3.blogspot.com. All rights reserved

No comments:

Post a Comment