Saturday, 6 March 2010

തിരുമുല്‍ക്കാഴ്ച



മനസ്സിന്റെ മണിവാതിൽ
തുറന്നവനെ
മനുഷ്യനായ് സ്വര്‍ഗ്ഗവാതിൽ
തുറന്നവനെ
കുരിശിന്മേൽ സ്നേഹയാഗ-
മര്‍പ്പിക്കുവാന്‍ തിരു-
ക്കുമാരനായ് മണ്ണിൽ വന്നു
പിറന്നവനെ

എൻ സ്വപ്നജാലങ്ങൾ ഞാൻ
നിന്നിലര്‍പ്പിച്ചു
എന്‍ ഭഗ്നമോഹങ്ങൾ നിൻ-
മുന്നിലര്‍പ്പിച്ചു
ഉരുകുമെൻ ഹൃദയത്തിൻ
ചുടുനെടുവീര്‍പ്പുകള്‍ നിൻ
കുരിശിൻചുവട്ടിൽ ഞാൻ
കാഴ്ചവച്ചു

ഒരിക്കലും വഞ്ചിക്കാത്ത
സ്നേഹമെ നീയിന്നെൻ
തളരുന്ന മനസ്സിനെ
താങ്ങുകില്ലെ…?

എൻ കണ്ണീര്‍ക്കണങ്ങളാൽ
മുത്തുകൾ തീര്‍ത്തു
എൻ ദു:ഖപുഷ്പങ്ങളാൽ
മാലകൾ കോര്‍ത്തു
തകരുമെന്നാത്മാവിൻ
തപ്തബാഷ്പങ്ങൾക്കൊപ്പം
നിൻ തിരുഹൃദയത്തിൽ
ചേര്‍ത്തുവച്ചു

നിരുപമസ്നേഹമെ എൻ-
കരം പിടിച്ചെന്നെ നീ
നയിക്കുകില്ലെ കണ്ണീര്‍
തുടക്കുകില്ലെ…?


Copyright © 2010 - rosebastin3.blogspot.com. All rights reserved except for the image.
Image Courtesy: http://www.jesus8880.com/chapters/jn21-preview/images-jn21-art/jesus_shepherd_200h.jpg

No comments:

Post a Comment